ഈ വർഷം ആദ്യം വായിച്ച പുസ്തകം: "The World Until Yesterday: What Can We Learn from Traditional Societies?"
ശീർഷകം പറയുന്നതു പോലെ പരമ്പരാഗത സമൂഹങ്ങളിൽ നിന്ന് എന്തു പഠിക്കാമെന്നതാണു പ്രതിപാദ്യം. കുട്ടികളെ വളർത്തുന്നത്, പ്രായമായവരെ നോക്കുന്നത് (നോക്കാതിരിക്കുന്നതും!) അപകടങ്ങളെ നേരിടുന്നത്, സംഘട്ടനങ്ങൾ, വിശ്വാസം, ഭാഷ, ആരോഗ്യം മുതലായ കാര്യങ്ങളിൽ പല ചെറുഗോത്രങ്ങളുടെ രീതികൾ കാല്പനികതയില്ലാതെ വിവരിച്ചിരിക്കുന്നു. അതിനൊപ്പം ലേഖകനു നേരിട്ടു പരിചയമുള്ള പാപ്പുവ ന്യൂ ഗിനിയിൽ നിന്നുള്ള അനുഭവങ്ങളും.
📖
ഡേവിഡ് ഗ്രെബറുടെ പ്രശസ്തമായ "Debt: The First 5000 Years" വായിക്കുകയാണ്. കൂടെ "When the Bubble Bursts: Surviving the Canadian Real Estate Crash" എന്നൊരു പുസ്തകവും. പണം, കടം, ആസ്തി, ബാധ്യത മുതലായ കാര്യങ്ങളെപ്പറ്റി അടിസ്ഥാനപരമായി ഒന്നുമറിയാതെയാണല്ലോ ഇതൊന്നുമില്ലാതെ കഴിയാൻ പറ്റാത്ത ഈ ലോകത്തു ഞാൻ കഴിയുന്നതെന്ന ഓർമ്മപ്പെടുത്തൽ ഹഠാദാകർഷിച്ചു.
ഇതേ സമയത്തു തന്നെ ആകസ്മികമായി ഒരു ബ്ലോഗ് പോസ്റ്റും കണ്ടെത്തി. രസിച്ചു.
https://elaineou.com/2016/06/17/the-evolution-of-private-loan-agreements/
📖
"This Time Is Different: Eight Centuries of Financial Folly" എന്നൊരു പുസ്തകം വായിച്ചു. പല സാമ്പത്തികത്തകർച്ചകളുടെ ചരിത്രമാണ്. കാര്യം മനസിലായോ എന്നു മനസിലാവാൻ വേണ്ടി ഒന്നൂടെ മനസിരുത്തി വായിക്കണം.
എങ്കിലും ഒരു രാജ്യത്തു വരാനിടയുള്ള തകർച്ചയുടെ ലക്ഷണങ്ങളെപ്പറ്റി ഈ പുസ്തകത്തിൽ പറഞ്ഞപ്പോൾ ഇതെല്ലാം കാനഡയെപ്പറ്റിയും ആവാമല്ലോ എന്നു തോന്നി. "When the Bubble Bursts" വായിച്ചതിന്റെ ഇഫക്ടാവാം.
കൺസർവേറ്റീവ് എം പി പിയർ പോയ്ലിയേവർ പാർലമെന്റിൽ ഈ പുസ്തകം പരാമർശിക്കുകയുണ്ടായി.
https://www.youtube.com/watch?v=qIfP0FfHC9g
📖