ടൊറോന്റോയിൽ നിന്നു സൂസൻ മരി, തണ്ടർബേ, വിന്നിപെഗ്, റെജൈന, കാൽഗറി, ബാൻഫ്, യോഹോ, ജാസ്പർ, എഡ്മൺടൺ, സസ്കറ്റൂൺ എന്നീയിടങ്ങൾ താണ്ടി ഇരുപത്തഞ്ചു ദിവസമെടുത്ത്
പൈനായിരത്തറുന്നൂറു കിലോമീറ്റർ വണ്ടിയോട്ടി തിരിച്ചുവന്നിരിക്കുകയാണ്. അതിലെ എണ്ണായിരം കിലോമീറ്ററിലും അമ്മുപ്പൂച്ചയുടെ "എന്നെയീ വണ്ടിയേന്നൊന്ന് എറക്കി വിടോ!" എന്ന നിലവിളിശബ്ദവും ബാക്കി സമയം തളർന്ന നിശബ്ദതയും.
തള്ളും ചിത്രങ്ങളുമായി ആനസൈറ്റു മെമ്പ്രമ്മാരെ മടുപ്പിക്കുകയും വെറുപ്പിക്കുകയുമാണ് അജണ്ടയിലെ അടുത്തയിനം എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
രണ്ടാം സ്റ്റോപ്പ് തണ്ടർബേ. അക്കരെ കാണുന്നത് ഉറങ്ങുന്ന ഭീമൻ, ഒജിബ്വേ കഥകൾ പ്രകാരം നാനിബോജു.
https://en.wikipedia.org/wiki/Sleeping_Giant_(Ontario)
കഴിഞ്ഞ വർഷം തണ്ടർബേയിൽ പോയപ്പോ ഉറങ്ങുന്ന ഭീമന്റെ മേലെ കേറിയിരുന്നു.
ഇത്തവണ അതിലേ തേരാപാരാ നടക്കുന്ന വഴിക്ക് അവിടെ താമസമാക്കിയ രണ്ടു മലയാളികളെ കൂട്ടുകാരായി കിട്ടി.
വിന്നിപ്പെഗിലെ അസിനിബൊയിൻ പാർക്കും അതിലെ ലിയോ മോൾ ശിൽപ്പോദ്യാനവും ഇഷ്ടപ്പെട്ടു.
ലിയോനിഡ് മോളോഡോഷനിൻ ഉക്രേനിൽ ജനിച്ച കനേഡിയനാണ്. അദ്ദേഹത്തിന്റെ നൂറു കണക്കിനു ശിൽപ്പങ്ങൾ കണ്ടപ്പോ അതിനു പിന്നിലെ അധ്വാനത്തെപ്പറ്റിയും അർപ്പണത്തെപ്പറ്റിയും വളരെ ബഹുമാനം തോന്നി. ആ പാർക്ക് മനോഹരമായി സൂക്ഷിച്ചിരിക്കുന്ന വിന്നിപ്പെഗിലെ ജനങ്ങളോടും ബഹുമാനം തോന്നി.
രാജകീയ കനേഡിയൻ കമ്മട്ടം. അകത്തെ ടൂറിൽ നാണയങ്ങളുണ്ടാക്കുന്ന പരിപാടി കാണിച്ചു തന്നു.
https://en.wikipedia.org/wiki/Royal_Canadian_Mint
മില്ല്യൺ ഡോളർ നാണയത്തിന്റെ കഥ ഹഠാദാകർഷിച്ചു. ശുദ്ധസ്വർണ്ണത്തിൽ അഞ്ചെണ്ണം ഉണ്ടാക്കി. ഇന്നതിൽ ഒന്നിന്റെ മൂല്യം എട്ടു മില്ല്യണാണത്രേ. ഒരെണ്ണം ഒരു മ്യൂസിയത്തിൽ നിന്ന് ആരോ കടത്തിക്കൊണ്ടു പോയി. ഒരെണ്ണം ഏതോ കാശുകാരന്റെ കോഫീ ടേബിളാണത്രേ.
https://www.mint.ca/store/mint/about-the-mint/million-dollar-coin-1600006
കനേഡിയൻ കമ്മട്ടം മറ്റു രാജ്യങ്ങൾക്കു വേണ്ടിയും നാണയങ്ങൾ നിർമ്മിക്കും. അതിൽ ഇൻഡ്യൻ നാണയങ്ങളുമുണ്ട്!
തണ്ടർബേയ്ക്കടുത്ത് ലോസ്റ്റ് മൗണ്ടൻ ലൂപ്പ് എന്നൊരു ട്രെയിലിൽ നടക്കാൻ പോവുകയും വഴി തെറ്റുകയും വഴി നോക്കി നടന്നപ്പോൾ സമാനരായി വഴി തെറ്റിയ രണ്ടമേരിക്കക്കാരെ പരിചയപ്പെടുകയും ചെയ്തു.
ലോസ്റ്റ് മൗണ്ടൻ, എത്ര അന്വർത്ഥമായ പേര്.
അവരോടു വർത്തമാനം പറഞ്ഞു വഴിനോക്കി നടക്കുമ്പോ ഒരു കനേഡിയനും മകനും ആൾ ടെറൈൻ വണ്ടിയിലും ഡർട്ട് ബൈക്കിലുമായി വന്നു. കനേഡിയൻ മൂന്നു വർഷം മുൻപ് മക്കളുടെ പഠനത്തിനും ജോലിക്കുമായി തണ്ടർബേയിൽ നിന്ന് നയാഗ്രയിലേക്കു താമസം മാറിയതാണെന്നു പറഞ്ഞു.